മഴക്കാലം

മഴക്കാലം എന്നത് വെറുമൊരു ഋതുമാറ്റമല്ല; അത് വികാരങ്ങളുടെ, പ്രകൃതിയുടെ, അതിലുപരി മനോഹരമായ ഒരുപിടി ഓർമ്മകളുടെ വസന്തകാലമാണ്. കരിമേഘങ്ങൾ വാനിൽ ഉരുണ്ടുകൂടി, തണുത്ത കാറ്റ വീശി, ആദ്യത്തെ മഴത്തുള്ളി മണ്ണിൽ പതിക്കുമ്പോൾ ഉയരുന്ന ആ മൺമണം ഏതൊരു മലയാളിയുടെയും ഉള്ളിൽ ഒരു വല്ലാത്ത കുളിരുണർത്തും.

​മഴക്കാലം എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെയും മനസ്സ് ആദ്യം ഓടിയെത്തുന്നത് വിദ്യാലയ നാളുകളിലേക്കാണ്.പുതിയ കുടകളും റെയിൻകോട്ടുകളും: പുതിയ അധ്യയനവർഷം തുടങ്ങുന്നത് തന്നെ മഴക്കൊപ്പമാണ്. പുതിയ കുട നിവർത്തിയും, റെയിൻകോട്ടിന്റെ ഉള്ളിൽ ഒളിച്ചും സ്കൂളിലേക്ക് നടന്നിരുന്ന ആ യാത്രകൾ ഒരൊറ്റപ്പെട്ട അനുഭവമാണ്. സ്കൂൾ വിട്ട് വരുമ്പോൾ റോഡരികിലെ ചാലുകളിലൂടെ ഒഴുകുന്ന വെള്ളത്തിൽ പേപ്പർ തോണികൾ ഉണ്ടാക്കി ഒഴുക്കിവിട്ടതും, അവ പരസ്പരം മത്സരിച്ചതുമെല്ലാം കുട്ടിക്കാലത്തിന്റെ മാറ്റ് കൂട്ടുന്നു. അതിശക്തമായ മഴയുള്ള ദിവസങ്ങളിൽ റേഡിയോയിലൂടെയോ ടിവിയിലൂടെയോ ‘ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയായിരിക്കും’ എന്ന കളക്ടറുടെ പ്രഖ്യാപനം കേൾക്കാൻ കാതോർത്തിരുന്ന ആ നിമിഷങ്ങൾ സമ്മാനിച്ച സന്തോഷം ചെറുതല്ല.

​കേരളത്തിൽ ഇടവപ്പാതി തുടങ്ങുന്നതോടെ പ്രകൃതിയാകെ പച്ചപ്പുതപ്പ് അണിയും. വരണ്ടുണങ്ങിക്കിടന്ന ഭൂമിയിലേക്ക് ജീവന്റെ തുള്ളികളായി മഴ പെയ്തിറങ്ങുമ്പോൾ മരങ്ങളും ചെടികളും തളിർക്കുന്നു. കുളങ്ങളും കിണറുകളും പുഴകളും നിറഞ്ഞുകവിയുന്നു. ജനലിനരികിലിരുന്ന് പെയ്യുന്ന മഴ നോക്കിനിൽക്കുന്നത് തന്നെ മനസ്സിന് വല്ലാത്തൊരു ശാന്തത നൽകുന്ന കാര്യമാണ്.
​പുറത്ത് കനത്ത മഴ പെയ്യുമ്പോൾ വീടിനുള്ളിൽ ഉയരുന്ന ചില രുചികളുണ്ട്.”ചുട്ടുപഴുത്ത കല്ലിൽ ചുട്ടെടുക്കുന്ന ചക്കയപ്പത്തിന്റെ മണം, ചൂടുള്ള കാപ്പിയും പരിപ്പുവടയും, അല്ലെങ്കിൽ കട്ടൻചായയും ഉള്ളിവടയും—മഴക്കാലത്തെ ഈ വിഭവങ്ങൾ ശരീരത്തിന് മാത്രമല്ല, മനസ്സിനും ചൂട് പകരുന്നവയാണ്.”
​രാത്രിയിൽ കനത്ത മഴ പെയ്യുമ്പോൾ തണുപ്പകറ്റാൻ അമ്മ തരുന്ന ചൂട് കഞ്ഞിയും മുതിരപ്പുഴുക്കും ഒരൊന്നൊന്നര കോമ്പിനേഷൻ തന്നെയാണ്.
​പഴയകാലത്തെ മഴക്കാലം തോടുകളിൽ ‘ഊത്തപിടുത്തത്തിന്റെ’ (മഴവെള്ളപ്പാച്ചിലിൽ മീൻ പിടിക്കുന്നത്) കാലം കൂടിയായിരുന്നു. മുതിർന്നവരും കുട്ടികളും ഒരുപോലെ തോടുകളിലും പാടങ്ങളിലും മീൻ പിടിക്കാൻ ഇറങ്ങുമായിരുന്നു. എന്നാൽ ഇന്നത്തെ നഗരവൽക്കരണത്തിനിടയിൽ ഇത്തരം നാട്ടുമ്പുറ കാഴ്ചകൾ പലതും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്.

​മഴ എല്ലാവർക്കും ഒരേ അനുഭവമല്ല സമ്മാനിക്കുന്നത്. ചിലർക്കത് പ്രണയത്തിന്റെയും സംഗീതത്തിന്റെയും ഓർമ്മയാണെങ്കിൽ, മറ്റുചിലർക്ക് അത് ചോർന്നൊലിക്കുന്ന വീടിന്റെയും ദുരിതങ്ങളുടെയും പ്രയാസങ്ങളുടെയും കാലം കൂടിയാണ്. എങ്കിലും, പ്രകൃതിയെ ശുദ്ധീകരിക്കാനും ഭൂമിയുടെ ദാഹം മാറ്റാനും എത്തുന്ന മഴക്കാലം എന്നും മനുഷ്യന്റെ മനസ്സിൽ നോസ്റ്റാൾജിയ ഉണർത്തുന്ന ഒന്നായി തുടരും. ഒരു വലിയ മഴ പെയ്തു തോരുമ്പോൾ അത് നമ്മുടെ മനസ്സിലെ സങ്കടങ്ങളെക്കൂടി കഴുകി തുടച്ചു മാറ്റുന്നത് പോലെ തോന്നും.

Jenz❤️

admin

admin

Leave a Reply

Your email address will not be published. Required fields are marked *