അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രി: കർഷകർ മുഴുവൻ കൃഷിഭൂമിയുടെയും വിവരങ്ങൾ ഉൾപ്പെടുത്തണം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത് ഫാർമർ ഐഡി നേടിയ കർഷകർ, തങ്ങളുടെ പേരിലുള്ള മുഴുവൻ കൃഷിഭൂമികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്ട്രി അപ്‌ഡേറ്റ് ചെയ്യണമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.
പ്രാരംഭഘട്ടത്തിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഏതെങ്കിലും ഒരു കൃഷിഭൂമിയുടെ വിവരങ്ങൾ മാത്രമേ രജിസ്ട്രിയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ. നിലവിൽ, കർഷകരുടെ പേരിലുള്ള മറ്റ് കൃഷിഭൂമികളുടെ വിവരങ്ങൾ കൂടി ചേർക്കുന്നതിനുള്ള സൗകര്യം അഗ്രിസ്റ്റാക്ക് പോർട്ടലിലും ആപ്ലിക്കേഷനിലും ലഭ്യമാണ്.
കേന്ദ്ര സർക്കാരിന്റെ വിവിധ കാർഷിക പദ്ധതികൾ, സബ്സിഡികൾ, പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY), കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (RWBCIS) തുടങ്ങിയ വിള ഇൻഷുറൻസ് പദ്ധതികൾ, റീട്ടെയിൽ ഔട്ട്ലെറ്റുകളിലൂടെയുള്ള വളം വിതരണം തുടങ്ങിയ വിവിധ സേവനങ്ങൾക്കും ആനുകൂല്യങ്ങൾക്കും ഭാവിയിൽ ഫാർമർ ഐഡിയും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കൃഷിഭൂമിയുടെ വിവരങ്ങളും അടിസ്ഥാനമാക്കിയാവും അർഹത നിർണയിക്കുക.
അതിനാൽ, കർഷകർ തങ്ങളുടെ ഉടമസ്ഥതയിലുള്ള മുഴുവൻ കൃഷിഭൂമിയുടെയും വിവരങ്ങൾ കർഷക രജിസ്ട്രിയിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. രജിസ്ട്രിയിൽ രേഖപ്പെടുത്തിയിട്ടുള്ള കൃഷിഭൂമിയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിലായിരിക്കും ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുക.
അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രിയിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കർഷകർ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുമാണ്.
അക്ഷയ കേന്ദ്രങ്ങൾ, കൃഷിഭവനുകൾ എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്താം.