ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

*ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു*

സിപിഎം നേതാവും, സിഐടിയു സംസ്ഥാന അധ്യക്ഷനുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു(86)

ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ദീർഘനാളായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
2009 മുതൽ സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായിരുന്നു. അപ്പക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാനായും പ്രവർത്തിച്ചു വരികയായിരുന്നു.

1937 ഏപ്രിൽ 22ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി കൃഷ്‌ണന്റെയും മകനായിരുന്നു ജനനം. 1954ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിലേക്കും സാമൂഹിക പ്രവർത്തനത്തിലേക്കുമുള്ള ആദ്യ പടി. വർക്കല വിളഭാഗം കേന്ദ്രീകരിച്ച് 1950ൽ രൂപപ്പെട്ട ട്രാവൻകൂർ കയർ വർക്കേഴ്‌സ് യൂണിയൻ എന്ന തൊഴിലാളി സംഘടനയുടെ നേതൃത്വത്തിലായിരുന്നു ഈ സമരം.
1958ൽ സമരം വിജയമായി. ഈ സമരത്തിനായി റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനർ ആയി ലഭിച്ച ജോലി അദ്ദേഹം അത് വേണ്ടെന്ന് വച്ചു. ട്രാവൻകൂർ കയർ വർക്കേഴ്‌സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, മറ്റു പ്രാദേശിക യൂണിയനുകളുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം പ്രവർത്തിച്ചു. 1956ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായി. പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. 1987 ,1996, 2001 വർഷങ്ങളിൽ ആറ്റിങ്ങൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ കയർമിത്ര പുരസ്‌കാരം, സംസ്ഥാന സർക്കാരിന്റെ കയർ അവാർഡ്, കയർ മില്ലനിയം പുരസ്‌കാരം, സി കേശവൻ സ്‌മാരക പുരസ്‌കാരം, എൻ.ശ്രീകണ്ഠൻ‌ നായർ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സംസ്കാരം നാളെ വൈകീട്ട് 5 മണിക്ക് ശാന്തികവാടത്തിൽ

admin

admin

Leave a Reply

Your email address will not be published. Required fields are marked *