തൃശ്ശൂർ: പൂങ്കുന്നത്ത് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ടു. ഒഡീഷ സ്വദേശികളായ ശുബൻദാസ്, കിരൺ ദാസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാത്രിയോടെയായിരുന്നു അപകടം നടന്നത്. ഒരു സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ ഇവർ മൂവരും ജോലി കഴിഞ്ഞ് ഒരേ ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു എതിർദിശയിൽ നിന്നുവന്ന ആംബുലൻസ് ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ തെറിച്ചുവീണ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
