കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ്. ഇന്ന് ഒറ്റയടിക്ക് പവന് 2,480 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 1,01,840 രൂപയായി. ഇന്നലെ 1,240 രൂപ ഇടിഞ്ഞിരുന്നു. രണ്ടുദിവസത്തിനിടെ വൻ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 310 രൂപ കുറഞ്ഞ് 12,730 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോളവിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ വ്യതിയാനങ്ങളും അമേരിക്കയിൽ പണപ്പെരുപ്പം ഉയർന്നതിനെ തുടർന്ന് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് വർധിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളുമാണ് സ്വർണവിലയെ താഴേക്ക് നയിച്ചത്.
നിക്ഷേപകർ ലാഭമെടുപ്പിലേക്ക് കടന്നതും യു.എസ്. ഡോളറിന്റെയും ബോണ്ട് ആദായത്തിന്റെയും കരുത്ത് കൂടിയതും ഡിസംബറിലെ ഫെഡറൽ റിസർവ് പണനയ യോഗത്തെക്കുറിച്ചുള്ള ആശങ്കകളും നിലവിൽ സ്വർണത്തിന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും, 2013-ൽ ഉണ്ടായത് പോലെയൊരു വലിയ തകർച്ചയിലേക്ക് വില കൂപ്പുകുത്താൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഭാവിയിൽ പലിശനിരക്ക് സംബന്ധിച്ച ആശങ്കകൾ ഒടുങ്ങുകയും ഡോളർ ദുർബലമാകുകയും ചെയ്താൽ സ്വർണവില വീണ്ടും ഉയർന്നേക്കും.
റെക്കോർഡ് ഉയരത്തിൽ നിന്ന് മാറ്റം
ജനുവരി 29-ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന സ്വർണവില. ഡിസംബർ 23-നാണ് സ്വർണവില ചരിത്രത്തിലദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അവിടെ നിന്നാണ് ഇപ്പോൾ ഘട്ടംഘട്ടമായി വില കുറയുന്നത്.
