വലപ്പാട് (തൃശൂർ): തൃശൂർ വലപ്പാട് ബീച്ചിന് സമീപം ഭാര്യയെയും നാലര വയസ്സുള്ള മകനെയും ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. വലപ്പാട് ബീച്ചിൽ ജി.ഡി.എം.എൽ.പി. സ്കൂളിന് പടിഞ്ഞാറു വശത്തുള്ള വീട്ടിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
നാട്ടിക ബീച്ച് സ്വദേശിയും ലോറി ഡ്രൈവറുമായ തെക്കിനിയേടത്ത് വിജേഷ് ആണ് ഭാര്യ വിസ്മയ (24), മകൻ ദക്ഷ് (4½) എന്നിവരെ കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം സ്വയം കഴുത്തറുത്ത് ജീവനൊടുക്കാൻ ശ്രമിച്ച വിജേഷിനെ ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ വിജേഷ് ഭാര്യവീടായ വലപ്പാട്ടെ വീട്ടിൽ എത്താറുണ്ട്. ബുധനാഴ്ച രാത്രിയിൽ വീട്ടിലെത്തിയ വിജേഷ് പതിവുപോലെ ഭാര്യയ്ക്കും മകനുമൊപ്പം മുറിയിൽ ഉറങ്ങാൻ കിടന്നു. തൊട്ടടുത്ത മുറിയിൽ വിസ്മയയുടെ അമ്മയും സഹോദരനുമാണ് കിടന്നിരുന്നത്.
പുലർച്ചെ ഒന്നരയോടെ മുറിയിൽ നിന്ന് നിലവിളി കേട്ട് സഹോദരൻ ഓടിയെത്തി വാതിൽ തുറന്നപ്പോൾ, കഴുത്തിന് ആഴത്തിൽ പരിക്കേറ്റ് ചോരയൊഴുകുന്ന നിലയിൽ വിസ്മയ പുറത്തേക്ക് ഓടുകയായിരുന്നു. പ്രാണരക്ഷാർത്ഥം വിസ്മയ 200 മീറ്ററോളം റോഡിലൂടെ ഓടി. വിസ്മയയെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ അമ്മയും സഹോദരനും പിന്നാലെ ഓടി. എന്നാൽ, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിസ്മയയുടെ മരണം സംഭവിച്ചിരുന്നു.
ഈ സമയത്ത് മുറിയുടെ വാതിലടച്ച വിജേഷ് അകത്തുണ്ടായിരുന്ന മകൻ ദക്ഷിനെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്വന്തം കഴുത്തു മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചു. നാട്ടുകാരും പോലീസും ചേർന്ന് മുറി തുറന്നപ്പോൾ ദക്ഷും വിജേഷും രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ബ്ലേഡാണ് ഉപയോഗിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിസ്മയയുടെയും ദക്ഷിന്റെയും മൃതദേഹങ്ങൾ തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
