കുഴൂർ: കേരള സർക്കാരിന്റെ എൽ.എസ്.ജി.ഡി, നവകേരളം കർമ്മപദ്ധതി എന്നിവയുടെ ഭാഗമായി കുഴൂർ ഗ്രാമപഞ്ചായത്തിൽ ‘നിർമ്മലം – പുതുയുഗ ശുചിത്വ കേരളം’ പദ്ധതിയുടെ ഭാഗമായി ജനകീയ ശുചിത്വ സന്ദേശ വിളമ്പര റാലി സംഘടിപ്പിച്ചു.
ഒക്ടോബർ 12 രാവിലെ 9.30-ന് കുഴൂർ പഞ്ചായത്തിൽ നിന്നും ആരംഭിച്ച് പോളക്കുളം വഴി തിരിച്ച് പഞ്ചായത്തിൽ സമാപിക്കുന്ന രീതിയിലാണ് റാലി നടത്തിയത്. ശുചിത്വ ബോധവൽക്കരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടനം കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിൽവി സേവ്യർ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ജോജോ എം.എ അധ്യക്ഷത വഹിച്ചു.
ഹരിത കർമ്മസേനാംഗങ്ങൾ, പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ശുചിത്വ സന്ദേശങ്ങളടങ്ങിയ പ്ലക്കാർഡുകളുമായും ബാനറുകളുമായും റാലിയിൽ പങ്കെടുത്തു. പരിസര ശുചിത്വവും മാലിന്യ സംസ്കരണവും ഉറപ്പാക്കി ഹരിത കേരളം സൃഷ്ടിക്കുക എന്ന സന്ദേശമാണ് റാലിയിലൂടെ പങ്കുവെച്ചത്.
കുഴൂർ ഗ്രാമപഞ്ചായത്തിൽ ‘നിർമ്മലം’ ജനകീയ ശുചിത്വ സന്ദേശ വിളമ്പര റാലി സംഘടിപ്പിച്ചു
