‘സ്നേഹക്കൂട്’ വയോജന സംഗമം മാതൃകയായി

മാള: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് മാള പള്ളിപ്പുറം സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രത്തിൽ സംഘടിപ്പിച്ച ‘സ്നേഹക്കൂട്’ വയോജന സംഗമം ശ്രദ്ധേയമായി. മാള പള്ളിപ്പുറം പ്രദേശത്തെ ജാതിമതഭേദമന്യേ 250-ഓളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.

തനിച്ചു എത്താൻ കഴിയാത്ത വയോജനങ്ങൾക്ക് ഇടവക വികാരി ഫാ. പോൾ തോമസ് കളത്തിലിന്റെ നേതൃത്വത്തിൽ വാഹനസൗകര്യവും ഒരുക്കിയിരുന്നു.

ചാലക്കുടി എം.പി. ബെന്നി ബഹനാൻ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. പോൾ തോമസ് കളത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. ജോയ് പീറ്റർ തടകത്ത്, ജില്ലാ പഞ്ചായത്തംഗം സാജൻ കൊടിയൻ, പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഔസേപ്പച്ചൻ ജോസ്, വൈസ് പ്രസിഡന്റ് ജോളി സജീവ്, സായംപ്രഭ പ്രസിഡന്റ് സ്റ്റീഫൻ കോണത്ത്, സെക്രട്ടറി റോസിലി തോമസ്, സി. ഡെയ്‌നി, ജോസ് ചക്കാലക്കൽ എന്നിവർ സംസാരിച്ചു.

‘കളിയും ചിരിയും കാര്യവുമായി’ കേരള സർക്കാർ റിസോഴ്‌സ് പേഴ്‌സൺ അനിൽ കുരിശിങ്കൽ ക്ലാസിന് നേതൃത്വം നൽകി. വിവിധ വിനോദപരിപാടികളും നടന്നു. ഉച്ചഭക്ഷണത്തോടെ സംഗമം സമാപിച്ചു.

പ്രദേശത്തെ 60 വയസ്സ് കഴിഞ്ഞവർക്കായി എല്ലാ മാസവും ആദ്യ ശനിയാഴ്ച രാവിലെ മുതൽ ഉച്ചവരെ ‘സായംപ്രഭ’ എന്ന പേരിൽ ഇടവകയുടെ നേതൃത്വത്തിൽ സംഗമം നടത്തുന്നുണ്ട്. കലാപരിപാടികളും ഉച്ചഭക്ഷണവും ഉൾപ്പെടുന്നതാണ് പ്രതിമാസ സംഗമം.

admin

admin

Leave a Reply

Your email address will not be published. Required fields are marked *