വയനാട് തലപ്പുഴ കണ്ണോത്തുമലിയിലെ ജീപ്പ് അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ബ്രേക്ക് കിട്ടാത്തതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ മണിയുടെ വെളിപ്പെടുത്തൽ. പൊലീസ് ഡ്രൈവറുടെ മൊഴി എടുത്തു. അപകടത്തിൽ 9 സ്ത്രീകൾ മരിച്ചു. ഡ്രൈവറടക്കം 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവർ മണികണ്ഠനുൾപ്പെടെ 3 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നു. വളവ് തിരിയുന്നതിനിടെ 30 മീറ്റർ താഴ്ചയിലേക്കാണ് ജീപ്പ് പതിച്ചത്.
ചിത്ര, ശോഭന, കാർത്യായനി, ഷാജ. ചിന്നമ്മ, റാബിയ, ലീല, ശാന്ത, റാണി എന്നിവരാണ് മരിച്ചത്. മണികണ്ഠൻ, ജയന്തി, ഉമാദേവി, ലത, മോഹനസുന്ദരി എന്നിവരാണ് ചികിത്സയിലുള്ളത്. മക്കിമല ആറാം നമ്പർ മേഖലയിൽ നിന്നുള്ളവരാണ് മരിച്ചവരെല്ലാം. അപകടത്തിൽ പെട്ടത് ഡിടിടിസി കമ്പനിയിലെ തോട്ടം തൊഴിലാളികളാണ്. ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് കണ്ണോത്തുമലക്ക് സമീപം അപകടമുണ്ടായത്. മരണപ്പെട്ടവരുടെ പൊതുദർശനം നാളെ നടത്തും. മക്കിമല എൽപി സ്കൂളിൽ നാളെ ഉച്ചക്ക് 12 മണിക്കാണ് പൊതുദർശനം നടത്തുക.
