കെഎസ്ആർടിസി ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് ഇന്ന് തുടക്കം; സിപിഎം വിട്ടുനിൽക്കും
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും സൗജന്യ യാത്രയൊരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ 8:30-ന് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.
ഉദ്ഘാടനത്തിന് ശേഷം വനിതാ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്രയിൽ പങ്കാളികളാകും. കെഎസ്ആർടിസിയിൽ പിഎസ്‌സി വഴി നിയമിതയായ ആദ്യ വനിതാ ഡ്രൈവർ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിക്കുന്നത് എന്ന പ്രത്യേകതയും ഈ യാത്രയ്ക്കുണ്ട്.
സിപിഎം വിട്ടുനിൽക്കും
അതേസമയം, ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഎം തീരുമാനിച്ചു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് പാർട്ടി തങ്ങളുടെ മുഴുവൻ എംഎൽഎമാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്.
