മരണം മൂലം നമ്മിൽ നിന്ന് എന്നേക്കുമായി വേർപിരിഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണമിക്കുന്ന ദിനം. നമ്മെ ഈ ഭൂമിയിലേക്ക് കൈപിടിച്ചു നടത്തിയവരുടേയും, വഴികാട്ടികളായവരുടേയും സ്മരണകൾക്ക് മുന്നിൽ കണ്ണീർപ്പൂക്കളർപ്പിക്കുന്ന പുണ്യവേള. ഒപ്പം നശ്വരമായ നമ്മുടെ ജീവിതങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും, ഈ ഭൂമിയിലെ ഓരോ നിമിഷവും നന്മകൾ കൊണ്ട് അനശ്വരമാക്കാനുമുള്ള സുവർണ്ണാവസരം കൂടിയാണിത്.
തീർത്തും നഗ്‌നരായി, പണത്തിൻ്റേയോ, ആഡംബരങ്ങളുടേയോ അകമ്പടി ഇല്ലാതെയാണ് നാം ഈ ലോകത്തേക്ക് വന്നത്.
ആദ്യമായി നമ്മെ കുളിപ്പിച്ചതും, അവസാനമായി നമ്മെ കുളിപ്പിക്കാൻ പോകുന്നതും ആരൊക്കെയോ ആണ്.
ഇതാണ് ജീവിതം… വെറും ശൂന്യതയിൽ തുടങ്ങി ശൂന്യതയിൽ അവസാനിക്കുന്ന ഒരു യാത്ര.തിരക്കുപിടിച്ച ജീവിതയാത്രയിൽ ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സത്യമുണ്ട്— ഒരു നാൾ എല്ലാം ഇവിടെ ഉപേക്ഷിച്ചു പോകേണ്ടവരാണ് നമ്മൾ.സമ്പത്തും സ്ഥാനമാനങ്ങളും സ്വന്തമാക്കാനുള്ള മത്സര പാച്ചിലിനിടയിൽ, നീർക്കുമിളകൾ പോലെ ദുർബ്ബലമാണ് നമ്മുടെ ജീവിതമെന്നും നാം തിരിച്ചറിയണം.
ശാസ്ത്ര, സാങ്കേതികവിദ്യയും AI യും വാനംമുട്ടെ വളർന്നിട്ടും മനുഷ്യൻ്റെ ജനനവും മരണവും ഇന്നും പ്രവചനാതീതമായ പ്രഹേളികയായി തുടരുന്നു.
’ജനനം’ എന്ന മൂന്ന് അക്ഷരത്തിനും ‘മരണം’ എന്ന മൂന്ന് അക്ഷരത്തിനും ഇടയിലെ സുന്ദരമായ തുരുത്താണ് ‘ജീവിതം’.ആദ്യം നമ്മെ കരയിപ്പിച്ചതും ഒടുവിൽ മറ്റുള്ളവരെ കരയിപ്പിക്കുന്നതുമാണ് ഈ ജീവിതയാത്ര.
പൂർവികർ നമുക്കായി പകർന്നുനൽകിയ സ്നേഹത്തിൻ്റേയും ത്യാഗത്തിൻ്റേയും നന്മയുടേയും പാഠങ്ങൾ ജീവിതത്തിൽ സ്വായത്തമാക്കാൻ നമുക്ക് ശ്രമിക്കാം. മരണാനന്തര സ്വർഗ്ഗത്തിനായി കാത്തിരിക്കുന്നതിനേക്കാൾ നന്മപ്രവർത്തനങ്ങൾക്കൊണ്ട് ജീവിതം തന്നെ സ്വർഗ്ഗസമാനമാക്കാം.പൂർവികരുടെ നല്ല സ്മരണകളും ഉത്തമ മാതൃകകളും എന്നും നമുക്ക് വഴികാട്ടിയാകട്ടെ. ഈ ഭൂമിയിൽ നിന്ന് മാഞ്ഞുപോകുമ്പോൾ, ഓർമ്മകളിൽ ഒരായുസ്സ് മുഴുവൻ ജീവിക്കാൻതക്ക നന്മകൾ ബാക്കി വെച്ചുപോകാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെ…
Sojan P K
