തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു. 1972-ലെ വന്യജീവി സംരക്ഷണ നിയമത്തിൽ കാലോചിതമായ ഭേദഗതികൾ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനും വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുമുള്ള അധികാരം സംസ്ഥാനത്തിന് നൽകണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ പ്രത്യേക സംഘം കേന്ദ്രത്തെ സമീപിക്കുമെന്നും വ്യക്തമാക്കി. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ കർമ്മപദ്ധതി തയാറാക്കുന്നതിനായി മന്ത്രിമാരുടെയും വനാതിർത്തി മണ്ഡലങ്ങളിലെ എം.എൽ.എമാർ, എം.പിമാർ എന്നിവരുടെ സമ്മേളനം നിയമസഭാ ബാങ്ക്വെറ്റ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനത്തിനുള്ളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവും സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതുമാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ പ്രധാന കാരണം. കാടിനുള്ളിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കും. വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ അധികമുള്ള കടുവകളെ മറ്റ് ടൈഗർ റിസർവുകളിലേക്ക് മാറ്റുന്നത് കേന്ദ്രവുമായി ചർച്ച ചെയ്യും. പ്രതിരോധത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളും കിടങ്ങുകളും വേലികളും വിപുലമാക്കും. ജീവൻ നഷ്ടപ്പെടുന്നവർക്കും വിളനാശം സംഭവിക്കുന്നവർക്കുമുള്ള നഷ്ടപരിഹാരം വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 14 മേഖലകളായി തിരിച്ച് സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയതായി അധ്യക്ഷത വഹിച്ച വനം-വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സമിതികളും പ്രാദേശിക കമാൻഡ് സെന്ററുകളും രൂപീകരിക്കും.
വന്യജീവി ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരവും ചികിത്സയും ഉറപ്പാക്കാൻ മോട്ടോർ വാഹന അപകടങ്ങളുടെ മാതൃകയിൽ ട്രൈബ്യൂണൽ വേണമെന്ന് പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടു. പരിസ്ഥിതിലോല പ്രദേശ നിർണ്ണയത്തിൽ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൂർണമായി ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രിമാരായ എ. പി. അനിൽകുമാർ, കെ. എ. തുളസി, റോജി എം. ജോൺ, എൻ. ഷംസുദീൻ, ടി. സിദ്ദിഖ്, പി. കെ. ബഷീർ, എം.പിമാർ, എം.എൽ.എമാർ, വനം മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ രാജേഷ് രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
