ചിങ്ങം1- പ്രതീക്ഷയുടെ പുതുപുലരിയും കർഷകദിനവും
കാറും കോളും നിറഞ്ഞ കർക്കിടകത്തിന്റെ മാന്ദ്യത്തിന് വിരാമമിട്ട്, മലയാളികളുടെ മനസിൽ പ്രതീക്ഷയുടെ പൊൻവെളിച്ചം പരത്തിക്കൊണ്ട് ഇതാ പൊന്നിൻ ചിങ്ങമാസം ആഗതമായി. മലയാള കലണ്ടർ പ്രകാരമുള്ള പുതുവർഷപ്പിറവിയാണ് ചീങ്ങം1. പ്രകൃതി അതിന്റെ സവിശേഷമായ ഹരിതഭംഗി വീണ്ടെടുക്കുന്ന ഈ മാസം, മലയാളിയെ സംബന്ധിച്ചിടത്തോളം ആഘോഷങ്ങളുടെയും നവചേതനയുടെയും കാലമാണ്.
ചിങ്ങം ഒന്ന് മലയാളിക്ക് കേവലം ഒരു പുതുവർഷാരംഭം മാത്രമല്ല, കർഷകദിനവും കൂടിയാണ്. കൃഷിയും കർഷകരുമില്ലാതെ മനുഷ്യന് ഈ ഭൂമുഖത്ത് നിലനിൽപ്പില്ല. അന്നം തരുന്ന,മണ്ണിനെ സ്നേഹിക്കുന്ന, വിയർപ്പൊഴുക്കുന്ന കർഷകരെ ആദരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. മറ്റേതൊരു തൊഴിൽമേഖലയ്ക്കും ലഭിക്കുന്ന അംഗീകാരവും, സ്വീകാര്യതയും, പരിഗണനയും തീർച്ചയായും കർഷകർക്കും ലഭിക്കേണ്ടതുണ്ട്.
കർഷകരുടെ ഉന്നമനത്തിനായി മന്ത്രിമാരും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരും അടങ്ങുന്ന കാർഷിക വകുപ്പുകൾ ഇന്ന് നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ
ഇവരുടെ പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ വിലയിരുത്തപ്പെടുന്നുണ്ടോ?
പദ്ധതികളുടെ ആനുകൂല്യം അർഹരായ കർഷകരിലേക്ക് കൃത്യമായി എത്തുന്നുണ്ടോ?
തുടങ്ങിയ കാര്യങ്ങൾ ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇത്തരം കാര്യങ്ങളെക്കുറിച്ച് പുനർവിചിന്തനം നടത്താനും, കൂടുതൽ മികവാർന്ന കർമ്മപരിപാടികൾ ആസൂത്രണം ചെയ്യാനും ഈ കർഷകദിനാചരണം സഹായകരമാകട്ടെ.
ഹരിത സമൃദ്ധമായ നാളേക്കായി നമുക്ക് കൈകോർക്കാം.
ചിങ്ങപ്പിറവിയുടെയും കർഷകദിനത്തിന്റെയും മംഗളാശംസകൾ..
