മുൻകൂട്ടി പുതുക്കിയാല്‍ കാലാവധി നഷ്ടപ്പെടില്ല; ഡ്രൈവിങ് ലൈസൻസ് നിയമങ്ങളില്‍ പുതിയ ഭേദഗതികളുമായി എം.വി.ഡി
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ഉടമകള്‍ക്ക് ഏറെ ആശ്വാസകരമായ നിർണായക തീരുമാനങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ലൈസൻസ് കാലാവധി കഴിഞ്ഞവർക്കും മുൻകൂട്ടി പുതുക്കുന്നവർക്കും ഒരു പോലെ ഗുണകരമാകുന്ന രണ്ട് ഭേദഗതികള്‍ ഈ മാസം 15 മുതല്‍ നിലവില്‍ വരും. മോട്ടോർ വെഹിക്കിള്‍ ആക്ടിലാണ് ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട് ഈ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഗ്രേസ് പിരീഡ് സംവിധാനം തിരിച്ചുവരുന്നു
ഡ്രൈവിങ് ലൈസൻസ് കാലാവധി തീർന്നാലും ഇനി 30 ദിവസം വരെ പഴയ ലൈസൻസ് നിയമപരമായി ഉപയോഗിക്കാം. 1988ലെ മോട്ടോർ വെഹിക്കിള്‍ ആക്ട് പ്രകാരം ലൈസൻസ് കാലാവധി കഴിഞ്ഞാല്‍ 30 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിരുന്നുവെങ്കിലും, 2019 ലെ ഭേദഗതിയോടെ ഈ സംവിധാനം ഒഴിവാക്കപ്പെട്ടിരുന്നു. എന്നാല്‍ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, ഈ മാസം 15 മുതല്‍ പുതിയ ഭേദഗതിയിലൂടെ ഗ്രേസ് പിരീഡ് സംവിധാനം വീണ്ടും നിലവില്‍വരികയാണ്. ലൈസൻസ് പുതുക്കാൻ വൈകുന്ന നിരവധി പേർക്ക് ഈ തീരുമാനം വലിയൊരു ആശ്വാസമാകും.
മുൻകൂട്ടി പുതുക്കിയാല്‍ കാലാവധി നഷ്ടപ്പെടില്ല
കാലാവധിക്ക് മുമ്പ് ലൈസൻസ് പുതുക്കുന്നവർ നേരിട്ടിരുന്ന വലിയൊരു പരാതിക്കാണ് ഇതോടെ പരിഹാരമാകുന്നത്. നിലവില്‍ ലൈസൻസ് കാലാവധി അവസാനിക്കുന്നതിന് ഒരു വർഷം മുമ്പ് മുതല്‍ പുതുക്കാൻ സാധിക്കുമെങ്കിലും, പുതിയ ലൈസൻസ് അനുവദിക്കുന്ന തീയതി മുതലായിരുന്നു മുൻപ് കാലാവധി കണക്കാക്കിയിരുന്നത്. ഇതുമൂലം പലർക്കും മാസങ്ങളോളം ലൈസൻസ് കാലാവധി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു.എന്നാല്‍ ഈ മാസം 15 മുതല്‍ നടപ്പിലാകുന്ന പുതിയ ഭേദഗതി പ്രകാരം, കാലാവധി തീരുന്നതിന് മുമ്പ് എപ്പോഴെ് പുതുക്കാൻ അപേക്ഷിച്ചാലും, നിലവിലുള്ള ലൈസൻസിന്റെ കാലാവധി അവസാനിക്കുന്ന തീയതി മുതല്‍ മാത്രമേ പുതിയ ലൈസൻസിന്റെ കാലാവധി ആരംഭിക്കുകയുള്ളൂ. അതായത്, മുൻകൂട്ടി പുതുക്കിയാലും പഴയ ലൈസൻസിന്റെ കാലാവധി പൂർണ്ണമായി ലഭിക്കും.
മറ്റ് പ്രധാന വിവരങ്ങള്‍
ഡ്രൈവിങ് ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് മുതല്‍, കാലാവധി കഴിഞ്ഞ് ഒരു വർഷം വരെ (ആകെ രണ്ട് വർഷം) ലൈസൻസ് പുതുക്കാനുള്ള അവസരമുണ്ട്. അതുപോലെ വിദേശത്ത് ജോലിയോ മറ്റോ ആയി കഴിയുന്നവർക്ക് ഇനി നാട്ടില്‍ വരാതെ തന്നെ ഓണ്‍ലൈനായി ലൈസൻസ് പുതുക്കാൻ സാധിക്കും. ഇതിനായി ഏതെങ്കിലും ഇന്ത്യൻ ഡോക്ടറോ അല്ലെങ്കില്‍ ഇന്ത്യൻ കോണ്‍സുലേറ്റ് അംഗീകാരമുള്ള ഡോക്ടറോ സാക്ഷ്യപ്പെടുത്തിയ മെഡിക്കല്‍/കാഴ്ച സർട്ടിഫിക്കറ്റ് സമർപ്പിച്ചാല്‍ മതിയാകും.
