പ്രിയദർശിനി യാത്രകൾക്ക് പുറമേ വിദ്യാർത്ഥികൾക്കായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജായ ‘വിജ്ഞാന ദർശിനി’

സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിജ്ഞാനവും വിനോദവും ഒരുപോലെ പകർന്നുനൽകുന്നതിനായി കുറഞ്ഞ ചെലവിൽ പ്രത്യേക വിനോദയാത്രാ പാക്കേജുമായി കെഎസ്ആർടിസി. ബഹു. ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം, കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് ‘വിജ്ഞാന ദർശിനി’ എന്ന പേരിൽ പുതിയ വിനോദയാത്രാ പദ്ധതി നടപ്പിലാക്കുന്നത്.

സാംസ്കാരിക സ്ഥാപനങ്ങൾ, പുരാവസ്തു കേന്ദ്രങ്ങൾ, ഫാക്ടറികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ സന്ദർശിച്ച് വിനോദത്തോടൊപ്പം വിദ്യാർത്ഥികൾക്ക് വിജ്ഞാനവും പ്രായോഗിക അറിവും പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലേക്കും സമീപപ്രദേശങ്ങളിലെ ആകർഷണീയ കേന്ദ്രങ്ങളിലേക്കുമായി വിവിധ യാത്രാ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. മറ്റ് ജില്ലകളിലും ‘വിജ്ഞാന ദർശിനി’ പാക്കേജ് നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരികയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതകൾക്കനുസരിച്ച് ഇൻഡസ്ട്രിയൽ വിസിറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിൽ കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, നെയ്യാർ ഡാം, പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, വിതുരയിലെ ജേഴ്സി ഫാം, മ്യൂസിയം, പ്ലാനറ്റേറിയം തുടങ്ങിയ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയാണ് യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്. .

പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് അനുയോജ്യമായ പ്രത്യേക കെഎസ്ആർടിസി ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന്റെ പ്രത്യേക ബസുകളിൽ 36 വിദ്യാർത്ഥികൾക്ക് ഒരേസമയം യാത്ര ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്.

വിദ്യാർത്ഥികളുടെ പഠനാനുഭവങ്ങൾ വിപുലീകരിക്കുക, പ്രകൃതിയെയും ശാസ്ത്രത്തെയും ചരിത്രത്തെയും അടുത്തറിയാൻ അവസരമൊരുക്കുക, പാഠപുസ്തകങ്ങളിലെ അറിവുകൾക്ക് പ്രായോഗിക അനുഭവങ്ങളിലൂടെ കൂടുതൽ വ്യക്തത നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ‘വിജ്ഞാന ദർശിനി’ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസവും വിനോദവും സമന്വയിപ്പിക്കുന്ന യാത്രകൾ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യത്തിനും ആവശ്യകതകൾക്കും അനുസരിച്ച് യാത്രകൾ ക്രമീകരിക്കുന്നതിനും പാക്കേജുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നതിനും അതത് ജില്ലകളിലെ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കോ-ഓർഡിനേറ്റർമാരുടെ ബന്ധപ്പെടേണ്ട നമ്പറുകൾ:

തിരുവനന്തപുരം നോർത്ത് – 9188619378

തിരുവനന്തപുരം സൗത്ത് – 9188938522

കൊല്ലം – 9188938523

പത്തനംതിട്ട – 9188938524

ആലപ്പുഴ – 9188938525

കോട്ടയം – 9188938526

ഇടുക്കി – 9188938527

എറണാകുളം – 9188938528

തൃശ്ശൂർ – 9188938529

പാലക്കാട് – 9188938530

മലപ്പുറം – 9188938531

കോഴിക്കോട് – 9188938532

വയനാട് – 9188938533

കണ്ണൂർ & കാസർഗോഡ് – 9188938534

വിദ്യാഭ്യാസവും വിനോദവും കൈകോർക്കുന്ന ‘വിജ്ഞാന ദർശിനി’യിലൂടെ വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഭാഗമായി പുതിയ അനുഭവങ്ങളും അറിവുകളും നേടുന്നതിനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.

admin

admin

Leave a Reply

Your email address will not be published. Required fields are marked *