അക്ഷരങ്ങൾ അന്നും ഇന്നും എന്നും ഒരുപോലെയാണെങ്കിലും, അവ കോർത്തിണക്കുമ്പോൾ രൂപപ്പെടുന്ന വാക്കുകൾക്കും വാചകങ്ങൾക്കും എത്രയെത്ര ഭംഗിയും ഭാവങ്ങളും അർത്ഥതലങ്ങളുമാണ് ….
ഒരു ശില്പി തൻ്റെ കരവിരുതുകൊണ്ട് ജീവൻ തുടിപ്പിക്കുന്നത് പോലെയാണ് കവികൾ അക്ഷരങ്ങൾ കൊണ്ട് കവിതകൾ തീർക്കുന്നത്. അതിൽ സ്നേഹത്തിൻ്റെ തുടിപ്പും, സാന്ത്വനത്തിൻ്റെ നിശ്വാസവും, പ്രണയത്തിൻ്റെ ആർദ്രതയും, വേദനയുടെ വിങ്ങലും, പ്രതിഷേധത്തിന്റെ അഗ്നിയും… അങ്ങനെ എത്രയെത്ര ഭാവങ്ങളാണ് മിന്നിമറയുന്നത്.
കലകളും കലാകാരന്മാരെയും കൊണ്ട് സമ്പന്നമായ കുഴൂരിന്റെ സ്വകാര്യ അഭിമാനങ്ങളിൽ ഒന്നാണ് കുഴൂർ വിത്സൻ. സെലിബ്രിറ്റികളുടെ പതിവ് ജാടകളെല്ലാം കാറ്റിൽപ്പറത്തി നാട്ടിൻപുറത്തിൻ്റെ നന്മ നെഞ്ചിലേറ്റിയ വലിയൊരു കലാകാരനാണ് അദ്ദേഹം. ആ ലാളിത്യവും സ്നേഹവും അദ്ദേഹത്തിന്റെ ഓരോ രചനയിലും നമുക്ക് കാണാനാകും.
പ്രിയപ്പെട്ട കുഴൂർ വിത്സനും, ഇന്ന് പ്രകാശനം ചെയ്യപ്പെട്ട “എനിക്ക് വേറെ നീയില്ല” എന്ന കവിതാ സമാഹാരത്തിനും, വരാനിരിക്കുന്ന എല്ലാ രചനകൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ…
പ്രൗഢമായ ഈ ചടങ്ങിനോടൊപ്പം തന്നെ ആകർഷിച്ച മറ്റൊന്നാണ് വേദിയിൽ പ്രിയസുഹൃത്ത് പ്രസാദ് കരിന്തലകൂട്ടം കുരുത്തോലയിൽ തീർത്ത ബോർഡ്. കുരുത്തോല കൊണ്ട് എന്നും വിസ്മയങ്ങൾ തീർക്കുന്ന പ്രസാദിൻ്റെ ഈ നിർമ്മിതിയും അത്യന്തം പ്രശംസനീയമാണ്…
Sojan P K

