ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
കേരളീയ നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്, ആധുനിക കേരളത്തിൻ്റെ സാമൂഹികവും ആത്മീയവുമായ പുനർനിർമ്മിതിയിൽ പ്രധാന പങ്കു വഹിച്ചവരിലൊരാളായ ശ്രീനാരായണ ഗുരുവിന്റെ 172-ാം ജന്മദിനമാണിന്ന്.
ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ മനുഷ്യനെ ഭിന്നിപ്പിച്ച ഇരുണ്ട കാലഘട്ടത്തിൽ, അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം എന്ന് പഠിപ്പിച്ച ഗുരുവിന്റെ ദർശനങ്ങൾ നമുക്ക് വെളിച്ചമാണ്.
1856-ൽ തിരുവനന്തപുരം ചെമ്പഴന്തിയിൽ ജനിച്ച നാരായണൻ, അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളുടെ മോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവെച്ച ആത്മീയ ഗുരുവും തത്ത്വചിന്തകനുമായിരുന്നു. ജാതിവ്യവസ്ഥയുടെ കാഠിന്യം അനുഭവിച്ചറിഞ്ഞ അദ്ദേഹം, വിപ്ലവകരമായ ആശയങ്ങളിലൂടെ കേരളത്തിന്റെ സാമൂഹിക മുഖച്ഛായ തന്നെ മാറ്റിയെഴുതി.
1888 ൽ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ബ്രാഹ്മണ മേധാവിത്വത്തെ ചോദ്യം ചെയ്തുകൊണ്ട്, ഈഴവ ശിവനെ പ്രതിഷ്ഠിച്ച് ജാതിവ്യവസ്ഥയ്ക്ക് എതിരെയുള്ള വിപ്ലവത്തിന് തുടക്കം കുറിച്ചു.1903-ൽ ശ്രീനാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിതമാകുന്നതിന് നേതൃത്വം നൽകി.
വിദ്യകൊണ്ട് പ്രബുദ്ധരാവുക എന്ന ആഹ്വാനത്തിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരിലേക്കും വിദ്യാഭ്യാസം എത്തിക്കാൻ പ്രയത്നിച്ചു.സർവ്വമത സമഭാവനയുടെ സന്ദേശം ലോകത്തിന് നൽകി.
ഇന്ന് വർഗീയതയും വിഭാഗീയതയും സമൂഹത്തിൽ വീണ്ടും വേരുറപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഗുരുവിന്റെ ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സന്ദേശം കൂടുതൽ ശക്തമായി ഓർമ്മിക്കപ്പെടേണ്ടതുണ്ട്. മനുഷ്യനെ മനുഷ്യനായി കാണാനും, സ്നേഹവും സഹിഷ്ണുതയും കൈമുതലായി സ്വീകരിക്കാനും ഗുരുവിന്റെ പാത എന്നും നമുക്ക് വഴികാട്ടിയാണ്….
എല്ലാ ശ്രീനാരായണീയർക്കും വാർത്തകൾ ചാനലിന്റെ ജയന്തി ആശംസകൾ…
