കുഴൂർ: കുഴൂർ വിളക്കും കാൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പോളി മേനാച്ചേരിയുടെ പച്ചക്കറി കടയിൽ വൻ തീപിടുത്തം. ഇന്ന് വെളുപ്പിന് മൂന്നു മണിയോടെയാണ് കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.
തിരുവോണം എത്താറായതോടെ വിപണി ലക്ഷ്യമിട്ട് വലിയ അളവിൽ പച്ചക്കറികളും പലചരക്ക് സാധനങ്ങളും കടയിൽ സ്റ്റോക്ക് ചെയ്തിരുന്നു. എന്നാൽ തീപിടുത്തത്തിൽ കടയിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവനായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
വിവരമറിഞ്ഞ് ഉടൻതന്നെ മാളയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. മാള പോലീസും സ്ഥലത്തുണ്ടായിരുന്നു.
തീപിടുത്ത വിവരമറിഞ്ഞ് കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവിയർ, വാർഡ് മെമ്പർമാരായ ബി. കെ. വിഭീഷ്, മുഹമ്മദ് ഫൗസി തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
